11:43pm 03 July 2026
NEWS
അടിച്ചത് ഒരു ബിയർ; പിടിച്ചതിലും വലുതായിരുന്നു മാളത്തിലെന്ന് ധന്യ
03/07/2026  11:12 AM IST
nila
അടിച്ചത് ഒരു ബിയർ; പിടിച്ചതിലും വലുതായിരുന്നു മാളത്തിലെന്ന് ധന്യ

കണ്ണൂർ: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവത്തെക്കുറിച്ചുള്ള തന്റെ ഭാഗം അവർ വിശദീകരിച്ചത്.

വീഡിയോയിൽ, മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച പരിശോധനയുടെ റിപ്പോർട്ടും ഹെലൻ പങ്കുവച്ചിട്ടുണ്ട്. ഒരു ബിയർ കുടിച്ചിരുന്ന കാര്യം നിഷേധിക്കുന്നില്ലെന്നും സംഭവത്തിൽ ഉണ്ടായ തെറ്റ് ആവർത്തിക്കില്ലെന്നും അവർ വീഡിയോയിൽ പറയുന്നു.

അതേസമയം, വാഹന പരിശോധനയ്ക്കിടെ പൊലീസ് തടയാൻ ശ്രമിച്ചിട്ടും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനം ഓടിച്ചുകൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് ഹെലൻ ഓഫ് സ്പാർട്ടയ്ക്കെതിരായ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വീഡിയോയിൽ യുവതി പറയുന്നത് ഇങ്ങനെ: 

‘‘ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. ജീവിതത്തിൽ ആരെയും മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കാറില്ല. പരിശോധനയ്ക്കിടെ വാഹനം പൊലീസ് പിടിച്ചെടുത്തു. വാഹനത്തിൽ എംഡിഎംഎ ആയിരുന്നുവെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. ആളുകൾ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയത്. എന്നാൽ പിടിച്ചതിലും വലുതാണ് മാളത്തിൽ എന്നുപറയുന്നതുപോലെയായിരുന്നു കാര്യങ്ങൾ. ഞാൻ ഒളിവിലാണെന്നും എന്റെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും വാർത്ത കണ്ടു. വണ്ടിയിൽ നിന്നും എംഡിഎംഎ പിടിച്ചെന്നും ചിലർ പറയുന്നു. 

എന്നോട് ക്ഷമിക്കണം. ഒരു പരിപാടിക്കിടയിൽ ഒരു ബീയർ അടിച്ചിരുന്നു. വണ്ടി ഓടിക്കാൻ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിർത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോൾ അത് തെളിയുകയും ചെയ്തു. കോടതിയിൽ പെറ്റിയടച്ചാൽ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. എന്റെ വണ്ടിയും ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വാഹനം ചെക്ക് ചെയ്യാമെന്ന് പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസമായി സംഭവം നടന്നിട്ട്. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. 

സ്പാർട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്‌ബോക്‌സിൽ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആൻഡ് ആൽക്കഹോൾ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാൻ. ഇനി ആവർത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി’’ – ഹെലൻ ഓഫ് സ്പാർട്ട പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img